സര്‍വ്വ ശിക്ഷാ അഭിയാന്‍ ആലപ്പുഴ ജില്ലാതല ലോകപരിസ്ഥിതിദിനാചരണം കാവാലം ഗവ.എല്‍.പി.സ്കൂളില്‍ 'മഴക്കൊയ്ത്തുത്സവം ' എന്ന പേരില്‍ വിപുലമായ പരിപാടികളോടെ സംഘടിപ്പിച്ചു.
യോഗത്തില്‍ സംസ്ഥാന ശുചിത്വമിഷന്‍ ഡയറക്ടര്‍ ഡോ.ടി.എന്‍.സീമ മുഖ്യാതിഥിയായിരുന്നു.
പ്രകൃതിയുടെ വരങ്ങള്‍ ചോരാതെ നിലനിര്‍ത്താന്‍ കുഞ്ഞുകരങ്ങള്‍ക്കേ കഴിയൂ എന്ന് അദ്ദേഹം സൂചിപ്പിച്ചു.
കുട്ടനാടിന്റെ പരമ്പരാഗത മഴവെള്ളസംഭരണോപാധിയായ ഓലിയില്‍ നിന്ന് ശേഖരിച്ച മഴവെള്ളം കുട്ടികള്‍ക്ക് പകര്‍ന്നുനല്‍കി ശ്രീമതി സീമ 'മഴക്കൊയ്ത്തുത്സവം ' ഉദ്ഘാടനം ചെയ്തു.
യോഗത്തില്‍ മുഖ്യപ്രഭാഷകനായിരുന്ന ജില്ലാപഞ്ചായത്തംഗം ശ്രീ. കെ.കെ.അശോകന്‍ ഓരോ വിദ്യാര്‍ത്ഥിയും പ്രകൃതിയുടെ കാവല്‍ക്കാരായി മാറണമെന്ന് ഉദ്ബോധിപ്പിച്ചു.
തുടര്‍ന്ന് വിദ്യാലയവളപ്പില്‍ മരം നട്ട് പരിസ്ഥിതി സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിച്ചു.

പഞ്ചായത്തുതലത്തില്‍ പരിസ്ഥിതിയുമായി ബന്ധപ്പെട്ട് നടപ്പിലാക്കാനുദ്ദേശിക്കുന്ന പ്രവര്‍ത്തനപരിപാടികള്‍ പ്രസിഡന്റ് ശ്രീമതി സന്ധ്യാ രമേശ് വിശദീകരിച്ചു.
തുടര്‍ന്ന് കുട്ടികളുടെ മഴഗീതാലാപനം നടന്നു.
യോഗത്തില്‍ പഞ്ചായത്തു വൈസ് പ്രസിഡന്റ് ശ്രീ.ഒ.ജി.ഷാജി, മറ്റു പഞ്ചായത്തംഗങ്ങള്‍,സര്‍വ്വ ശിക്ഷാ അഭിയാന്‍ ആലപ്പുഴ ജില്ലാ പ്രോജക്ട് ഓഫീസര്‍ ശ്രീ.എ.സിദ്ദിക്ക്,സര്‍വ്വ ശിക്ഷാ അഭിയാന്‍ വെളിയനാട് ഉപ ജില്ലാ പ്രോഗ്രാം ഓഫീസര്‍ ശ്രീ. ജോജിമോന്‍ കെ.ജെ.,ബ്ലോക്ക് റിസോഴ്സ് സെന്റര്‍ അംഗങ്ങള്‍ ,കുടുംബശ്രീ അംഗങ്ങള്‍ എന്നിവര്‍ പങ്കെടുത്തു.






No comments:
Post a Comment